മാതാപിതാക്കള്‍ക്കൊപ്പം നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിച്ചു, ചോദ്യം ചെയ്ത കുട്ടിയുടെ അച്ഛന് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; പ്രതികള്‍ പിടിയില്‍

ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി അരുണ്‍ ദാസ്, പെരുന്ന സ്വദേശി ബിലാല്‍ മജീദ്, ഫാത്തിമപുരം സ്വദേശി അഫ്‌സല്‍ സിയാദ് എന്നിവരാണ് പിടിയിലായത്.

കോട്ടയം: ചങ്ങനാശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിച്ച
കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി അരുണ്‍ ദാസ്, പെരുന്ന സ്വദേശി ബിലാല്‍ മജീദ്, ഫാത്തിമപുരം സ്വദേശി അഫ്‌സല്‍ സിയാദ് എന്നിവരാണ് പിടിയിലായത്.

കുട്ടിക്ക് നേരെ നടത്തിയ അതിക്രമം ചോദ്യം ചെയ്ത അച്ഛനും അമ്മയ്ക്കും നേരെ ഇവര്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടരക്ക് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ആര്‍ക്കേഡിന് സമീപത്ത് വച്ചായിരുന്നു സംഭവം.

റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്ന് പോവുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ എതിരേ വന്ന അരുണ്‍ ദാസ് കടന്ന് പിടക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ ബിലാല്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി. എന്നാല്‍ നാട്ടുകാര്‍ക്ക് നേരെ അഫ്‌സല്‍ സിയാദും പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് രക്ഷപ്പെട്ടു.

സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തി മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്റ്റേഷനുകളില്‍ വേറെയും കേസുകളില്‍ പ്രതികളാണ് ഇവര്‍.

Exit mobile version