തൃശൂർ: പെരിഞ്ഞനത്ത് കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) മരിക്കാനിടയായത് ഹോട്ടലിൽനിന്നു കഴിച്ച കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ്. ശനിയാഴ്ചയാണ് ഉസൈബ പാഴ്സലായി വീട്ടിലേക്ക് വാങ്ങിയ കുഴിമന്തി കഴിച്ചത്.
പിന്നാലെ തിങ്കളാഴ്ചയാണ് ആരോഗ്യനില വഷളായത്. പെരിഞ്ഞനം സെന്ററിനു വടക്കുഭാഗത്തുള്ള സെയിൻസ് ഹോട്ടലിൽനിന്നാണ് അന്ന് ഭക്ഷണം വാങ്ങിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉസൈബയ്ക്ക് ചൊവ്വാഴ്ച പുലർച്ചെ മരണം സംഭവിച്ചു.
ഉസൈബയുടെ മരണത്തിന് കാരണമായത് മുട്ട ചേർത്ത മയൊണൈസ് ആണെന്നാണു സൂചന. കുഴിമന്തിക്കൊപ്പം സെയിൻസ് ഹോട്ടലിൽ നിന്നും മയൊണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയൊണൈസ് തീർന്നപ്പോൾ മുട്ട ചേർത്തുണ്ടാക്കിയ മയോണൈസാണ് ഇവർക്ക് നൽകിയതെന്നാണ് വിവരം.
ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണത്തിന്റെ ഭാഗമായി സാംപിൾ തേടി എത്തിയപ്പോൾ, എല്ലാം വിറ്റു തീർന്നെന്നാണു ഹോട്ടലുടമ പറഞ്ഞത്. തുടർന്ന് സാംപിൾ എടുക്കാനോ പരിശോധിക്കാനോ സാധിച്ചില്ല. മുട്ട ചേർത്തുള്ള മയൊണൈസിന്റെ ഉൽപാദനവും വിൽപനയും 2023 ജനുവരിയിൽ കേരളത്തിൽ നിരോധിച്ചിരുന്നു. എന്നാൽ മയോണൈസ് കഴിക്കാത്തവർക്കും ഇറച്ചി വിഭവങ്ങൾ മാത്രം കഴിച്ചവർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നും പരാതി ഉയർന്നിട്ടുണ്ട്.
Discussion about this post