അന്നും ഭക്ഷ്യവിഷബാധ; പെരിഞ്ഞനത്തെ സെയ്ൻ ഹോട്ടൽ ആറുമാസം മുൻപ് പൂട്ടിച്ചത്; വീണ്ടും തുറന്ന് ജനങ്ങളെ ആശുപത്രിയിലാക്കി; ഒരു ജീവനും അപഹരിച്ചു

തൃശ്ശൂർ: തൃശ്ശൂർ പെരിഞ്ഞനത്ത് ഹോട്ടൽ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീ മരിച്ച സംഭവത്തിൽ ഹോട്ടലിന് എതിരെ ആരോപണങ്ങളുമായി നാട്ടുകാർ. പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. നേരത്തേയും ഇതേഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റിരുന്നതായി സ്ഥലം എംഎൽഎ ഇ ടി ടൈസൺ പറഞ്ഞു.

ആറുമാസം മുൻപ് രണ്ട് പേർക്ക് ഭക്ഷ്യവിഷ ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി പിഴ ഈടാക്കി ഹോട്ടൽ പൂട്ടിച്ചതായിരുന്നു. ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസോ കോഴി ഇറച്ചിയോ ആണെന്നാണ് സംശയം. പരിശോധനാ ഫലം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ഏകദേശം 30 കിലോ അരിയുടെ കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയുണ്ടായ ദിവസം ഹോട്ടലിൽ പാകം ചെയ്തതെന്നും ഈ ഭക്ഷണം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നും ഇ ടി ടൈസൺ വിശദീകരിച്ചു.

സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ 178 പേരാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ചൊവ്വാഴ്ച മരണപ്പെടുകയായിരുന്നു.

also read- തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിവേകാനന്ദ പാറയില്‍ ധ്യാനത്തിനിരിക്കാന്‍ പ്രധാനമന്ത്രി മോഡി

ശനിയാഴ്ച രാത്രിയാണ് പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണം ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്ത് നുസൈബക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ തിങ്കളാഴ്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതകൾ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്ഥിതി മോശമായതിനെ തുടർന്ന് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്കും മാറ്റി. വീണ്ടും ആരോഗ്യനില വഷളായതോടെ വൈകീട്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ പുലർച്ചെ മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Exit mobile version