കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു, ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം; തൃശ്ശൂര്‍ പെരിഞ്ഞനത്തെ ‘സെയിന്‍ റസ്റ്റോറന്റ്’ അടപ്പിച്ചു

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു ഉസൈബ മരണത്തിന് കീഴടങ്ങിയത്.

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു ഉസൈബ മരണത്തിന് കീഴടങ്ങിയത്.

പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്‌സല്‍ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

അതേസമയം, 178 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. പെരിഞ്ഞനം വടക്കേ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു. ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version