തിരുവനന്തപുരം: നെയ്യാറിൽ നടന്ന കെഎസ്‌യു ക്യാമ്പിൽ കൂട്ടത്തല്ലുണ്ടായ സംഭവത്തിൽ അച്ചടക്ക നടപടിയുമായി ദേശീയ നേതൃത്വം. സംഭവത്തിൽ നാല് പേരെ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അൽ അമീൻ അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറി ജെറിൻ ആര്യനാട്, ദൃശ്യങ്ങൾ പുറത്ത് വിട്ട സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ് ടിജോ എന്നിവരെയാണ് എൻഎസ്യു സസ്പെന്റ് ചെയ്തത്.
നേരത്തെ, കെഎസ്യു ക്യാമ്പിലെ തമ്മിൽത്തല്ലിൽ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കെഎസ്യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷൻ വിലയിരുത്തി.
കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും കെഎസ്യു ഭാവി പരിപാടികളിൽ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. പിന്നാലെയാണ് സംഭവത്തിൽ അച്ചടക്ക നടപടി.