കൊച്ചി: ഇന്നലെ വൈകീട്ട് ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ 12കാരിയെ അങ്കമാലിയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. അതിഥി തൊഴിലാളിയുടെ മകളെ കണ്ടെത്തുമ്പോൾ കൂടെയുണ്ടായിരുന്ന യുവാവ് കാമുകനെന്നു പോലീസ്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണെന്നു പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. കടയിലേക്ക് പോയ മകളെ കാണാതായതോടെ മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ആറുമണിയോടെ പോലീസിൽ അറിയിച്ചു.
പോലീസ് ഉണർന്നുപ്രവർത്തിച്ചതോടെ രാത്രി ഒൻപതു മണിക്ക് തന്നെ അങ്കമാലിയിൽനിന്ന് കാമുകനും മറ്റൊരാൾക്കും ഒപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. അങ്കമാലിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കാണാതായ വിവരം ലഭിച്ച് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്നാണ് പെൺകുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേർ പെൺകുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നത്. പെൺകുട്ടി ബംഗാൾ സ്വദേശികളുടെ മകളാണ്.
Discussion about this post