തിരുവനന്തപുരം: വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടർന്ന് ഭാര്യയ്ക്ക് അരികിലെത്താനാകാതെ വരികയും പരിചരണം കിട്ടാതെ പ്രവാസി മലയാളി ഒമാനിൽ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. മരണപ്പെട്ട പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോടാണ് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്നു എയർഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചു.
നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്‌സ്പ്രസിന് മെയിൽ അയച്ചിരുന്നു. അതിന് മറുപടിയായാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഇ മെയിൽ സന്ദേശം അയച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് 7 നാണ് രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടാം തീയതി ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര റദ്ദാക്കി.
ALSO READ- ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷയും പിരിയുന്നെന്ന് അഭ്യൂഹം; ഹാർദികിന്റെ 70 ശതമാനം സ്വത്ത് നടാഷയ്ക്ക് നൽകേണ്ടി വരുമെന്ന് നെറ്റിസൺസ്; ചർച്ച
വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സർവീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂർച്ഛിച്ച് രാജേഷ് മരണപ്പെട്ടത്. ശുശ്രൂഷിക്കാനായി ആരെങ്കിലും അരികിലുണ്ടായിരുന്നെങ്കിൽ രാജേഷിന് മരണം സംഭവിക്കില്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്. നാട്ടിലെത്തിച്ച മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിൽ വെച്ച് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം നടത്തിയിരുന്നു.