തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ രാവിലെയോടെ വൈകുന്നേരത്തോടെയോ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യുനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു.
ശനിയാഴ്ച രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്.
ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ ഞായറാഴ്ച രാത്രിയോടെ കരയില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
അടുത്ത 5 ദിവസംകേരളത്തില്‍ ഇടി / മിന്നല്‍ / കാറ്റ് ( 30 40 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക.