കാഞ്ഞാണി: തൃശൂരിൽ യുവതിയും ഒന്നരവയസ്സായ മകളും കനോലി കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്റെ ഭാര്യ കൃഷ്ണപ്രിയ (24), മകൾ പൂജിത എന്നിവരുടെ മൃതദേഹമാണ് ഏപ്രിൽ 30-ന് രാവിലെ മണലൂരിലെ പാലാഴി ഭാഗത്ത് കനോലിക്കനാൽ തീരത്ത് കണ്ടെത്തിയത്. ഈ സംഭവത്തിൽ ഭർതൃമാതാവ് അനിത (57), അഖിലിന്റെ സഹോദരൻ അഷിൽ (30) എന്നിവരെയാണ് അന്തിക്കാട് എസ്എച്ച്ഒ വിഎസ് വിനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൃഷ്ണപ്രിയയുടെ ഭർത്താവ് അഖിലിന്റെയും വീട്ടുകാരുടെയും പരാതിയിലാണ് അറസ്റ്റ്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. കാഞ്ഞാണി ആനക്കാട് കുന്നത്തുള്ളി പദ്മനാഭന്റെയും ഷൈലജയുടെയും മകളാണ് മരിച്ച കൃഷ്ണപ്രിയ.
ഏപ്രിൽ 29-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒരു കോൾ വന്നതിനെ തുടർന്ന് കാഞ്ഞാണി ആനക്കാട്ടുള്ള വീട്ടിൽനിന്ന് അന്തിക്കാട് കല്ലിടവഴിയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയാണ് എന്നുപറഞ്ഞ് ഇറങ്ങിയ യുവതിയും കുഞ്ഞും രാത്രിയായിട്ടും രണ്ടുവീട്ടിലും എത്തിയില്ല.
തുടർന്ന് ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ പിറ്റേന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കനാലിൽ കണ്ടെത്തിയത്. കാഞ്ഞാണിയിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നു മരിച്ച കൃഷ്ണപ്രിയ.
also read- കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിയല്ല മരണകാരണമെന്ന് വനംവകുപ്പ്
അഖിലിന്റെയും കൃഷ്ണപ്രിയയുടെയും വിവാഹം നാലുവർഷം മുൻപായിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. എന്നാൽ, വിവാഹത്തിനുശേഷം ഭർതൃമാതാവും ഭർതൃസഹോദരനും സ്ത്രീധനം പോരെന്നുപറഞ്ഞ് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഇതു മൂലം ഏതാനും മാസങ്ങളായി ആനക്കാട്ടുള്ള വീട്ടിലായിരുന്നു കൃഷ്ണപ്രിയയും കുഞ്ഞും താമസിച്ചിരുന്നത്.