തിരുവനന്തപുരം:ഈ സീസണിലെ ആദ്യത്തെ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായിട്ടാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്.
വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുകയാണ് ന്യുനമര്‍ദ്ദം. ഇത് വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കാലവര്‍ഷത്തിന്റെ വരവിനെ ന്യൂനമര്‍ദ്ദം സ്വാധീനിച്ചേക്കും.
വടക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.