തിരുവല്ല: പത്തനംതിട്ടയിലെ ചുമത്രയിൽനിന്ന് കാണാതായ 15കാരനെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെ വലഞ്ഞ് പോലീസ്. രണ്ടാഴ്ച മുൻപ് കാണാതായ 15-കാരനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. കുട്ടി എസ്എസ്എൽസി ഫലം അറിയുന്നതിന്റെ തലേദിവസമായ മേയ് ഏഴിനാണ് നാടുവിട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെ കത്തെഴുതിവെച്ച് ചുമത്ര പന്നിത്തടത്തിൽ ഷൈൻ ജെയിംസ്(ലല്ലു) ആണ് വീടുവിട്ടിറങ്ങിയത്.
കുട്ടി എഴുതിയ കത്തിൽ ഞാൻ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും എഴുതി വെച്ചിരുന്നു. 15കാരൻ മുത്തശ്ശിയും തിരുവല്ല നഗരസഭ മുൻ കൗൺസിലറുമായ കെകെ സാറാമ്മയ്ക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്. അമ്മ നേരത്തെ മരിച്ചുപോയതാണ്. അച്ഛൻ ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസംതന്നെ പരാതി നൽകിയെങ്കിലും പോലീസ് അനാസ്ഥ കാണിച്ചെന്നാണ് സാറാമ്മയുടെ പരാതി.
കാണാതായി നാലാം ദിവസമാണ് പ്രദേശത്തെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചതെന്ന് സാറാമ്മ പറയുന്നു. അതിൽ നിന്നും കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡിൽ എത്തുന്നതും തുടർന്ന് സ്വകാര്യ ബസ്സ്റ്റാൻഡിൽ ബസ് ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ കിട്ടി.
പിന്നീട് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ മെയിലിൽ കയറുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. എന്നാൽ പിന്നീട് വിവരങ്ങളില്ല. എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറവായതിന് സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രധാന പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന ഭയമായിരിക്കാം കുട്ടി വീടുവിട്ടുപോകാൻ കാരണം എന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ റിസൾട്ട് വന്നപ്പോൾ കുട്ടിക്ക് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചിരുന്നു.