കോഴിക്കോട്: റിസോർട്ടിൽ നൽകിയ ചിക്കന്റെ വില നൽകിയില്ലെന്ന് ആരോപിച്ച് വടകര മെഡോ വ്യൂ പാർക്ക് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം. റിസോർട്ട് ഉടമ ഷൗക്കത്തലി കുറ്റ്യാടി പോലീസിൽ പരാതി നൽകി. റിസോർട്ടിൽ നൽകിയ ചിക്കന്റെ വില നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് ഷൗക്കത്തലി പറയുന്നു. കൂടാതെ, സംഭവത്തിൽ പ്രതികളായവരെ പോലീസ് സഹായിക്കുന്നുവെന്നും റിസോർട്ട് ഉടമ ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തെത്തിയിട്ടുണ്ട്.
റിസോട്ടിലേക്ക് ആവശ്യമായ ചിക്കൻ നൽകി വരുന്ന വ്യാപാരികളാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. ദീർഘകാലമായുള്ള കുടിശ്ശികയാണ് റിസോർട്ടുടമ നൽകാനുള്ളത്. ഈ പണം ആവശ്യപ്പെട്ട് രണ്ട് പേർ റിസോട്ടിൽ ചെന്നിരുന്നു. അവർക്ക് പണം നൽകാതെ വന്നപ്പോൾ ചിലരെ കൂട്ടി സ്ഥലത്തെത്തി. തുടർന്ന് റിസോർട്ടിൽ അതിക്രമിച്ച്കയറിയ ആൾക്കൂട്ടം ഉടമയെ ക്രൂരമായി മർദ്ദിച്ചെന്നാണ് വിവരം.
ഒരാഴ്ചകൊണ്ട് പേയ്മെന്റ് ചെയ്യാമെന്നും പറഞ്ഞിരുന്നെങ്കിലും ഇവരുമായി വാക്കേറ്റമുണ്ടായി. പെയ്മെന്റിന്റെ ചെക്ക് കൊടുത്തെങ്കിലും 30ഓളം ആളുകൾ ചേർന്ന് ഇരച്ചു കയറുകയായിരുന്നു. ശേഷം ‘കൊല്ലടാ’ എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നാണ് ഷൗക്കത്തലിയുടെ പരാതി. നിലവിൽ 21,000 രൂപയാണ് ബാധ്യതയുള്ളതെന്നും പാർക്ക് ഉടമ പറഞ്ഞു.
ALSO READ- നടത്തിപ്പ്-സുരക്ഷ പ്രശ്നങ്ങള്; ആറ് ട്രെയിനുകളുടെ ഓട്ടം നിര്ത്തുന്നു
ഷൗക്കത്തിന്റെ മുഖത്തും മുഖത്തെ എല്ലിലും പൊട്ടലുണ്ടെന്നാണ് വിവരം. സംഭവത്തിൽ 10 പേർക്കെതിരെയാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സാധാരണ അടിപിടി കേസിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഇത് ഒരു ഗുണ്ടാ ആക്രമണം ആണെന്നും അതിന്റെ തീവ്രത രേഖപ്പെടുത്തുന്ന അന്വേഷണമോ വകുപ്പുകളോ എഫ്ഐആറിൽ ചേർത്തിട്ടില്ലെന്നും ഷൗക്കത്തലി പരാതിപ്പെടുന്നു.
Discussion about this post