മാഹി: പള്ളൂരില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണ്ണ മാല കവര്‍ന്നു. കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രന്റെ വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ രണ്ടരയോടെ സംഭവം. കവര്‍ച്ചയ്ക്ക് ശേഷം സമീപത്തെ വീട്ടിലെ ബൈക്കുമായാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായെന്ന് പോലീസ് വ്യക്തമാക്കി.
വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത മോഷ്ടാക്കള്‍ വീടിനുള്ളിലേക്ക് കയറി മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന പവിത്രന്റെ ഭാര്യ ബിന്ദുവിന്റെ കഴുത്തിലെ മാല പൊട്ടിച്ച് ഇറങ്ങി ഓടുകയായിരുന്നു. ബിന്ദുവിന്റെ ഒന്നര പവന്റെ താലിമാലയാണ് മോഷണം പോയത്. പിടിവലിയില്‍ ബിന്ദുവിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്.
മോഷണത്തിന് ശേഷം രക്ഷപ്പെടാനായി മുന്‍ വശത്തെ വാതിലും മോഷ്ടാക്കള്‍ തുറന്നു വച്ചിരുന്നു. പവിതന്റെ വീട്ടില്‍ നിന്നും മോഷ്ടാക്കളെത്തിയത് ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശന്റെ വീട്ടിലാണഅ. അവിടെ നിന്നും സതീശന്റെ ബൈക്കുമെടുത്ത് കള്ളന്മാര്‍ കടന്നു കളഞ്ഞു. സമീപത്തെ മറ്റ് രണ്ട് വീടുകളിലും മോഷണം നടന്നിട്ടുണ്ട്. പ്രദേശത്തെ ആളില്ലാത്ത വീട്ടിലും കയറാന്‍ കള്ളന്മാര്‍ ശ്രമിച്ചിരുന്നു.
ഈ വീടിന്റെ ഗ്രില്ലിന്റെ പൂട്ടും ബള്‍ബും കള്ളന്മാര്‍ അടിച്ചു പൊട്ടിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ഡ്വാഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളൂര്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.