കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു.
മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകള്‍ ഫദ്വ ആണു മരിച്ചത്. കുട്ടി ഈ മാസം 13 മുതലാണ് ചികിത്സയില്‍ കഴിയുന്നത്.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. ആരോഗ്യനില വഷളായതോടെ ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു.
ബന്ധുക്കളോടൊപ്പം മൂന്നിയൂറിലെ കുളത്തില്‍ കുളിക്കാനിറങ്ങിയിരുന്നു ഫദ്വ. ഇതിന് പിന്നാലെയാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്.
ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടു.