കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ തേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന അമീറുൽ ഇസ്ലാമിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ശിക്ഷാവിധിക്ക് എതിരായിട്ടായിരുന്നു അപ്പീൽ സമർപ്പിച്ചത്.
കോടതി വിധി കേൾക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയിലെത്തിയിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണകോടതി പരിഗണിച്ചതെന്നുമാണ് അമീറുൽ ഇസ്ലാമിന്റെ വാദം.
അസം സ്വദേശിയായ ഇയാൾക്കെതിരെ കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. 2016 ഏപ്രിൽ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ജിഷയെ വീടിനകത്ത് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാം പിടിയിലായത്.