കൊല്ലം: കനാല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. സദാനന്ദപുരം ആകാശ് ഭവനില്‍ ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കോട്ടൂര്‍ കനാല്‍ കുളത്തില്‍ കുളിക്കാനെത്തിയത്. എന്നാല്‍ നീന്തല്‍ ആറിയാത്തതിനാല്‍ വിഷ്ണു തിരികെ കയറി.
ആകാശും ശ്രീജിത്തും കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നിര്‍മാണ കരാറുകാരന്‍ ശ്രീകുമാറിന്റെയും ജയയുടെയും മകനായ ശ്രീജിത്ത് കൊല്ലത്ത് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിദ്യാര്‍ഥി ആയിരുന്നു.
ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. സഹോദരി: ശ്രീലക്ഷ്മി. നിര്‍മാണ തൊഴിലാളി മുരുകന്റെയും തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയുടെയും മകനാണ് ആകാശ്. സഹോദരി: അര്‍ച്ചന. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.