ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല; മന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ട്; ഒടിവുള്ള കൈക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയുടെ ഒടിവുള്ള കൈയ്യിൽ കമ്പി മാറിയിട്ടെന്ന ആരോപണം തള്ളി ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായിരുന്നതിനാൽ വിദഗ്ധ പരിശോധനക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നു. ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രിയെ ഇക്കാര്യം ബോധിപ്പിച്ചെന്നും ഡോ. ജേക്കബ് മാത്യു വ്യക്തമാക്കി.

ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാൻ മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്തു നിന്ന് എല്ലിനോട് ചേർന്നാണ് ഈ കമ്പി തൽകാലത്തേക്ക് ഇട്ടത്. ഇത് നാലാഴ്ച കഴിഞ്ഞാൽ മാറും. ആദ്യമിട്ട പ്ലേറ്റ് എടുക്കില്ല. ഇതാണ് സംഭവമെന്നും കമ്പി മാറിയതല്ലെന്നും ഡോക്ടർ വിശദീകരിച്ചു.

ഇത്തരത്തിലാണ് മറ്റ് രോഗികൾക്കും സാധാരണ ചെയ്യാറുള്ളത്. ബന്ധുക്കളുടെ പരാതി തെറ്റിദ്ധാരണ കാരണമാണ്. വസ്തുതകൾ അറിയാതെ തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

ALSO READ- കുഞ്ഞിന് അനക്കമില്ലെന്ന് എട്ട് മാസം ഗർഭിണിയായ യുവതി; ഉറങ്ങുകയാകുമെന്ന് തൈക്കാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ; കുഞ്ഞ് മരിച്ചസംഭവത്തിൽ പരാതി

കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്താണ് സർജറി മാറി ചെയ്തതെന്ന ആരോപണം ഉന്നയിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിന്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയതെന്നാണ് പരാതി. ചികിത്സാ പിഴവുൾപ്പെടെയുള്ള വകുപ്പ് ചേർത്ത് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിരിക്കുകയാണ്.

Exit mobile version