തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നൽകാതെ തിരിച്ചയച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഡോക്ടറെ കാണാനെത്തിയ എട്ടുമാസം ഗർഭിണിയായ യുവതിയെയാണ് ഡോക്ടർ ചികിത്സ നിഷേധിച്ച് തിരിച്ചയച്ചത്. ഡോക്ടറെ കണ്ടപ്പോൾ ഉറങ്ങുകയാവും എന്നാണ് ഡോക്ടർ പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.
പിറ്റേദിവസം ആശുപത്രിക്ക് പുറത്തുള്ള സ്ഥാപനത്തിൽ നടത്തിയ സ്‌കാനിങ്ങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ഭർത്താവ് ലിബു അറിയിച്ചു.
എട്ടുമാസം ഗർഭിണിയായിരുന്ന പവിത്രയുടെ കുഞ്ഞാണ് ഗർഭാവസ്ഥയിൽ മരിച്ചത്. കുഞ്ഞിന് അനക്കമില്ലാത്തത് കൊണ്ടാണ് വ്യാഴാഴ്ച രാത്രി തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാൻ പോലും തയാറാകാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് ലിബു പറഞ്ഞു.
ALSO READ- ഷോക്കേറ്റ് ബോധരഹിതനായി വീണ് ആറുവയസുകാരൻ; റോഡിൽ വെച്ച് സിപിആർ നൽകി രക്ഷിച്ച് ഡോക്ടർ; വീഡിയോ വൈറൽ
പിറ്റേന്നാണ് സ്‌കാനിങ്ങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. ഉടൻ തൈക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ പരിശോധനക്കായി എസ്എടി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. തുടർന്ന് എസ്എടിയിൽ വെച്ച് ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു. സംഭവത്തിൽ തൈക്കാട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല. കുഞ്ഞിന്റെ മരണകാരണമറിയാൻ പത്തോളജിക്കൽ ഓട്ടോപ്‌സി നടത്താനാണ് നിർദേശം.