തിരുവനന്തപുരം: അറുപതുവയസ്സുകാരിയായ വഴിയോരക്കച്ചവടക്കാരിയില്‍ നിന്നും ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരന് പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം.
പേരൂര്‍ക്കട സ്വദേശിയായ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. മ്യൂസിയത്തിന് സമീപത്തായി തൊപ്പിക്കച്ചവടം ചെയ്യുന്ന സുകുമാരിയമ്മ എടുത്ത ടിക്കറ്റാണ് കണ്ണന് തട്ടിയെടുത്തത്.
സുകുമാരിയമ്മ എടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. ഈ ടിക്കറ്റ് കണ്ണന് തന്നെയാണ് സുകുമാരിയമ്മയ്ക്ക് വിറ്റത്.
സുകുമാരിയമ്മ ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പര്‍ സീരീസിലുള്ള 12 ടിക്കറ്റാണ് എടുത്തത്. ഇതില്‍ എഫ്ജി 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. സമ്മാനമടിച്ച വിവരം അറിഞ്ഞ് കണ്ണന് ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞ് സുകുമാരിയമ്മയില്‍ നിന്ന് ടിക്കറ്റുകള്‍ തിരികെവാങ്ങി.
സുകുമാരിയമ്മക്ക് 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാള്‍ തിരികെ നല്കി. പിന്നാലെ തനിക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് മധുരം വിതരണം ചെയ്തു.
സുകുമാരിയമ്മ വഴിയോരക്കച്ചവടക്കാരില്‍ നിന്നാണ് ഈ വിവരം അറിഞ്ഞത്. തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണന് ലോട്ടറിവകുപ്പില്‍ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതുമായി സംബന്ധിച്ച് പൊലീസ് ലോട്ടറിവകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.
Discussion about this post