കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതായി പരാതി. കൈയ്യുടെ എല്ലുപൊട്ടി ചികിത്സയ്ക്കായി എത്തിയ രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി.
24 വയസുകാരനായ അജിത്തിന്റെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്.
വാഹനാപകടത്തെത്തുടര്‍ന്നായിരുന്നു അജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളമാണ് ശസ്ത്രക്രിയക്കു വേണ്ടി അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്.
കൈയ്യിലെ എല്ലിന് പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നുവെന്ന് അജിത്തിന്റെ അമ്മ പറയുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ അജിത്തിന്റെ കയ്യിലിട്ടത്.
തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും തങ്ങള്‍ 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.
കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്തേഷ്യ നല്‍കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ അന്ന് രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.