ആലപ്പുഴ: 24കാരിയായ സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനാലാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ വിദേശത്തു നഴ്‌സിങ് ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല.
അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.