കോട്ടയം: കോട്ടയം ജില്ലയുടെ മലയോരമേഖലകളിൽ കനത്തമഴ. വെള്ളിയാഴ്ച ഉച്ചമുതൽ തീക്കോയി, മൂന്നിലവ്, മേലുകാവ് തുടങ്ങിയ പഞ്ചായത്തുകളിൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിലും മണിക്കൂറുകളായി കനത്ത മഴ പെയ്യുകയാണ്.
കഴിഞ്ഞദിവസവും സമാനമായ രീതിയിൽ ഉച്ചയ്ക്കുശേഷം ഈ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. തുടർന്ന് മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയരുകയും, മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയും കനത്ത മഴ പെയ്തതോടെ മീനച്ചിലാറിന്റേയും മണിമലയാറിന്റേയും കൈവഴികളിൽ ജലനിരപ്പ് ഉയരുകയാണ്. തീക്കോയിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മാർമല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. മൂന്നിലവ്-വാക്കാട് റോഡിൽ മണിക്കൂറുകളായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം, മറ്റ് പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച അലർട്ടുകൾ:
ഓറഞ്ച് അലെർട്ട്
മേയ് 17: മലപ്പുറം, വയനാട്
മേയ് 18: പാലക്കാട്, മലപ്പുറം
മേയ് 19: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
മേയ് 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മേയ് 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
യെല്ലോ അലെർട്ട്
മേയ് 17: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
മേയ് 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്
മേയ് 19: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്
മേയ് 20: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
മേയ് 21: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്