ഷിംല: പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കുടുക്കി ടാക്സിഡ്രൈവറുടെയും ഹോട്ടൽജീവനക്കാരുടെയും സംശയം. ഹിമാചൽ പ്രദേശിലെ മണാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ പ്രവർത്തിയിൽ സംശയം തോന്നിയ ടാക്സി ഡ്രൈവറും ഹോട്ടൽജീവനക്കാരുമാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടർന്ന് ഹരിയാണ പൽവാൽ സ്വദേശിയായ വിനോദിനെ(23) പോലീസ് പിടികൂടുകയായിരുന്നു.
ചൊവ്വാഴ്ച മണാലി സിവിൽ ആശുപത്രിക്ക് സമീപത്തെ സ്വകാര്യഹോട്ടലിൽവെച്ചാണ് പെൺസുഹൃത്തായ ശീതൾ കൗശലി(26)നെ പ്രതി കൊലപ്പെടുത്തിയത്. തുടർന്ന് മണാലിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബജൗരയ്ക്ക് സമീപത്തുവെച്ചാണ് പോലീസ് പിടികൂടിയത്.
ശീതൾ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ്. കഴിഞ്ഞ മൂന്നുവർഷമായി വിനോദും ശീതളും പ്രണയത്തിലായിരുന്നു. മേയ് 13-നാണ് ഇരുവരും മണാലിയിലെത്തി സ്വകാര്യഹോട്ടലിൽ മുറിയെടുത്തത്. 15-ന് രാത്രി 7.30-ഓടെ വിനോദ് ചെക്ക്ഔട്ടിനായി റിസ്പഷനിലെത്തി. യാത്രയ്ക്കായി ഇയാൾ ടാക്സിയും വിളിച്ചുവരുത്തിയിരുന്നു. അതേസമയം, യുവാവിനൊപ്പം യുവതിയെ കാണാത്തതിനാൽ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നാൻ കാരണമായി.
യുവാവിന്റെ കൈയിലുണ്ടായിരുന്ന വലിയ സ്യൂട്ട്കേസിനെ ചൊല്ലിയും സംശയം ഉയർന്നു. കൂടെയുണ്ടായിരുന്ന യുവതി എവിടെയാണെന്ന് ചോദിച്ചപ്പോൾ അവർ ലേയിലേക്ക് പോയെന്നായിരുന്നു പ്രതിയുടെ മറുപടി. ഇതിനിടെ, സ്യൂട്ട്കേസ് കാറിന്റെ ഡിക്കിയിൽവെയ്ക്കാൻ അമിതഭാരം തോന്നിയതിനാൽ ഡ്രൈവറും ഇക്കാര്യം ചോദ്യം ചെയ്തു. പരിഭ്രാന്തനായ പ്രതി പല വിശദീകരണങ്ങളും നൽകിയെങ്കിലും ഹോട്ടൽ ജീവനക്കാരുടെയും ഡ്രൈവറുടെയും സംശയം നീങ്ങിയില്ല.
തുടർന്ന് ഇതോടെ ഹോട്ടൽ അധികൃതർ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ പ്രതി ഹോട്ടലിൽനിന്ന് മുങ്ങിയെങ്കിലും ബസിൽ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് സംഘം ഹോട്ടലിലെത്തി സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം ഇരുവരും തമ്മിൽ ഹോട്ടൽമുറിയിൽവെച്ച് വാക്കുതർക്കമുണ്ടായെന്നും തുടർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമികനിഗമനം. ഇതിനുശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കുകയായിരുന്നു.
Discussion about this post