പാലക്കാട്: രാത്രി കൽപ്പാത്തി ക്ഷേത്രത്തിൽ കയറാനെത്തിയ നടൻ വിനായകനും നാട്ടുകാരും തമ്മിൽ നടന്ന വാക്കുതർക്കത്തിൽ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികൾ. വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും രാത്രി പതിനൊന്ന് മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നാണ് അറിയിച്ചതെന്നും ഭാരവാഹികൾ വിശദീകരിച്ചു.
വിനായകൻ കൽപ്പാത്തി ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോൾ അനുവദിച്ചില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതോടെ വലിയ ചർച്ച ഉയരുന്നതിനെയാണ് ക്ഷേത്രഭാരവാഹികൾ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
വിനായകനുമായി ഇതല്ലാതെ മറ്റു തർക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ഭാരവാഹികളുടെ വിശദീകരണം. രാത്രി നട അടച്ചതിന് ശേഷം കൽപ്പാത്തിയിൽ എത്തിയ നടൻ ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പട്രോളിങ്ങിനെത്തിയ പോലീസ് ഇടപെട്ടാണ് വിനായകനെ തിരിച്ചയച്ചത്.
ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന തരത്തിലുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
Discussion about this post