രാഹുലിനെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം; രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; അമ്മയ്ക്കും സഹോദരിക്കും നോട്ടീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതിയായ രാഹുൽ പി ഗോപാലിനെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ. രാജേഷിനെയാണ് അന്വേഷണസംഘം വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിയെ ബംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ചതിനാണ് രാജേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ, കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാനായി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും നോട്ടീസ് കൈമാറി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം.

അതേസമയം, രാഹുൽ പി ഗോപാൽ സിങ്കപ്പൂർ വഴി ജർമനിയിലെത്തിയെന്നാണ് വിവരം. ഇയാൾ ജർമ്മനിയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറാണ്. അതേസമയം, രാഹുൽ വിദേശത്തേക്ക് കടന്നതായ സൂചന ലഭിച്ചതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

ALSO READ- പത്ത് ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ മിഷൻ ഹോപ്! കേരള ബാഗ്‌സിന്റെ പുതിയ ക്യാപെയിൻ; അണിചേരാൻ വിദ്യാലയങ്ങൾക്കും അവസരം

കഴിഞ്ഞദിവസം പോലീസ് അമ്മയുടെയും സഹോദരിയുടെയും മൊഴിയെടുക്കാൻ വീട്ടിലെത്തിയിരുന്നെങ്കിലും രണ്ടുപേരും ഇവിടെയുണ്ടായിരുന്നില്ല. കാവലിലുണ്ടായിരുന്ന പോലീസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും കടന്നിരുന്നു. ഗാർഹിക പീഡനത്തിൽ രാഹുലിന്റെ അമ്മയ്ക്കെതിരേയും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.

Exit mobile version