മോഷണ പണം ഉപയോഗിക്കുന്നത് ആര്‍ഭാട ജീവിതത്തിന്, ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാക്കള്‍ പിടിയില്‍

വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ സാജു എന്നു വിളിക്കുന്ന സാജുദ്ദീന്‍ (31) എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാക്കള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ സാജു എന്നു വിളിക്കുന്ന സാജുദ്ദീന്‍ (31) എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത്ത് അശോകന്റെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമും മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പതിനൊന്നിന് മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാസം ചാവക്കാട് വ്യാപാര സ്ഥാപനം നടത്തുന്ന ആളുടെ കൈയില്‍ നിന്ന് പണം അടങ്ങിയ ബാഗ് പിടിച്ചു പറിച്ച കേസിലും ഇവര്‍ പ്രതികളാണ്.

അനുരാഗിന്റെ പേരില്‍ വിവിധ ജില്ലകളില്‍ മുപ്പതോളം മോഷണ കേസുകളുണ്ട്. സാജുവിന്റെ പേരില്‍ തൃശൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലും മോഷണ കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ആര്‍ഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

Exit mobile version