കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ കേസിലെ പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന. സിംഗപ്പൂരിലേക്ക് കടന്ന രാഹുൽ അവിടെ നിന്നും രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകൾ. പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ രാഹുലിന് എതിരെ ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പോലീസ്.
സിറ്റി പൊലീസ് കമ്മിഷണർ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കും.
അതേസമയം, പന്ത്രണ്ടാം തീയതി ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പുലർച്ചെ തന്നെ മർദ്ദിച്ചു. ഇക്കാര്യം അറിഞ്ഞിട്ടും രാഹുലിന്റെ മാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതി നൽകിയ എട്ട് പേജുള്ള മൊഴിയിൽ പറയുന്നു.
ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും. കേസിൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.