കൊച്ചി: പനമ്പിള്ളിനഗറിൽ ഫ്‌ളാറ്റിൽ നിന്നും നവജാതശിശുവിനെ കൊലപ്പെടുത്തി താഴേക്ക് എറിഞ്ഞ സംഭവത്തിൽ അമ്മയായ യുവതിയുടെ ആൺസുഹൃത്തിനെതിരേ കേസെടുത്തു. തൃശൂർ സ്വദേശി ഷെഫീഖിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട ഷെഫീഖ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.
യുവതി ഗർഭിണിയാണെന്ന കാര്യം യുവാവിന് അറിയാമായിരുന്നു. ഗർഭവിവരം അറിഞ്ഞത് താമസിച്ചായതിനാൽ ഗർഭച്ഛിദ്രമടക്കം ചെയ്യാനായില്ല. തുടർന്ന് യുവതി പ്രസവിക്കുന്നതിന് രണ്ട് മാസം മുമ്പ് ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാണ് വിവരം.
മേയ് മാസം മൂന്നാം തീയതിയാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ളാറ്റിൽനിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിൽ അറസ്റ്റിലായ യുവതി റിമാൻഡിലാണ്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാൽ കേസ് ഹിൽപാലസ് പോലീസിന് കൈമാറും. അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.