കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ 5 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തീവ്ര പരിചരണ യൂണിറ്റിലെ വെന്റിലേറ്ററിലാണ് കുട്ടി തുടരുന്നത്. കുട്ടി ഒരാഴ്ച മുമ്പ് ബന്ധുക്കളോടോപ്പം പുഴയില്‍ കുളിക്കാനായി പോയിരുന്നു.
ഇവിടെ നിന്നും അണുബാധയേറ്റതാവാമെന്നാണ് സംശയിക്കുന്നത്. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്ക്കാര് നിരീക്ഷണത്തിലാണ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
എന്നാല്‍ നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നതെന്നും മറ്റ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവിടെ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മലപ്പുറം മുന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post