ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വഭേദഗതി നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍. 2014 ഡിസംബര്‍ 31ന് മുന്‍പ് മൂന്ന് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്. ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക.
പതിനാലുപേര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. ഓണ്‍ ലൈന്‍ വഴി ലഭിച്ച അപേക്ഷകളിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
മതവിവേചനം നേരിട്ട് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ഭേദഗതി കൊണ്ടുവന്നത്.
2019 ഡിസംബറില്‍ നിയമം പാസാക്കിയെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിന് ചട്ടങ്ങള്‍ രൂപീകരിച്ചത്. അതേസമയം പൗരത്വം നല്‍കിയവരില്‍ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ വിമര്‍ശനം
ഉയര്‍ന്നിരുന്നു.