കൊച്ചി: യുവനടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. റിട്ടയേഡ് അധ്യാപികയായ മാമല തുരുത്തിയിൽ ബീന ഡാനിയേൽ (61) ആണ് മരിച്ചത്.
പരിക്കേറ്റ ബീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാത്യുവിന്റെ അച്ഛൻ തിരുവാങ്കുളം തുരുത്തിയിൽ ബിജു, അമ്മ സൂസൻ, മരിച്ച ബീനയുടെ ഭർത്താവ് സാജു എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ജീപ്പ് തിരുവാങ്കുളം ശാസ്താംമുകളിൽ വെച്ച് ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് മറിയുകയായിരുന്നു.
ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. മാത്യുവിന്റെ സഹോദരൻ ജോൺ ആണ് വാഹനം ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതല്ല.