ഭർത്താവിന്റെ ആക്രമണം തെറ്റല്ല എന്ന് കരുതുന്ന പോലീസുകാർ സേനയ്ക്ക് അപമാനം; പന്തീരങ്കാവ് പീഡനത്തിൽ പരാതി രജിസ്റ്റർ ചെയ്‌തെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പരാതി സ്വീകരിച്ചെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഭർത്താവിന്റെ ആക്രമണം തെറ്റല്ല എന്നു കരുതുന്ന പോലീസുകാർ സേനക്ക് അപമാനമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചു.

വളരെ ഗുരുതരമായ പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ടെന്ന് പരാതിയിൽ നിന്ന് മനസ്സിലായി. പോലീസ് ഉദ്യോഗസ്ഥന്റെ സമീപനത്തെ കുറിച്ചും പരാതിയിലുണ്ടെന്നും സതീദേവി പറഞ്ഞു.

ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. മദ്യ ലഹരിയിലാണ് ഭർത്താവ് പെൺകുട്ടിയെ ഉപദ്രവിച്ചത്. പോലീസിന് നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാകണം. പോലീസ് ട്രെയിനിംഗ് സംവിധാനം ശക്തമാക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

ALSO READ- ഗാർഹിക പീഡനക്കേസ് മാത്രമല്ല വിവാഹത്തട്ടിപ്പും; പന്തീരങ്കാവിലെ രാഹുൽ നിരവധി സ്ത്രീകളെ വിവാഹം ചെയ്തതായി തെളിവ്

വിവാഹത്തിന് കെട്ടുകണക്കിന് ആഭരണങ്ങൾ വേണം എന്ന ചിന്താഗതി അപമാനകരമാണ്. പെൺകുട്ടികളെ കേവലം ശരീരം മാത്രമായി കാണരുത്. നിയമങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. സർക്കാറിന് ഇക്കാര്യത്തിൽ നിർദേശം സമർപ്പിച്ചിട്ടുണ്ട് എന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

Exit mobile version