ഗാർഹിക പീഡനക്കേസ് മാത്രമല്ല വിവാഹത്തട്ടിപ്പും; പന്തീരങ്കാവിലെ രാഹുൽ നിരവധി സ്ത്രീകളെ വിവാഹം ചെയ്തതായി തെളിവ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ മുൻപും പലതവണ വിവാഹം രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഇയാൾ വിവാഹത്തട്ടിപ്പ് വീരൻ കൂടിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടി കാണിച്ചാണ് പരാതി.

കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി ലഭിച്ചിരിക്കുന്നത്. ഒടുവിൽ രജിസ്റ്റർ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയും ചെയ്തിരുന്നു.

ഇയാൾ യുവതിയിൽ നിന്നും നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയെ വിവാഹം കഴിച്ചത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ ഗാർഹിക പീഡനക്കേസിൽ യുവതിയുടെ കുടുംബം വനിത കമ്മീഷനും ആലുവ റൂറൽ എസ്പിക്കും പരാതി നൽകി. രാഹുലിന്റെ അമ്മക്ക് എതിരെയും കേസെടുക്കണം എന്ന് യുവതിയുടെ മാതാവിന്റെ പരാതി.

ALSO READ- ‘ഞങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, വീടിന്റെ മുകള്‍ നിലയില്‍ ഷീറ്റും ടൈലും ഇടുന്നുണ്ട്, ഒരു ഊഞ്ഞാല് വാങ്ങിച്ചു തന്നാല്‍ മാത്രം മതിയെന്നാണ് പറഞ്ഞത്’; രാഹുലിന്റെ സഹോദരി

രാഹുലിന്റെ അമ്മയും കേസിലെ പ്രധാന കണ്ണിയാണെന്നും ഇവർ പറയുന്നു. അതേസമയം, വീണ്ടും മൊഴി എടുക്കാൻ എത്തുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് ഒരുക്കുകയാണ് പോലീസ് എന്നും മാതാവ് പറഞ്ഞു. പ്രതി രാഹുൽ ബംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Exit mobile version