കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മയും സഹോദരിയും. വധുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി പറഞ്ഞു. മുന്‍പ് രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ടുബന്ധപ്പെട്ടത്. അവളുടെ നിര്‍ബന്ധത്തിനാണ് കല്യാണം നടത്തിയത്.
ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കം വേണോയെന്ന് പെണ്‍കുട്ടിയുടെ കുടുംബം ചോദിച്ചെങ്കിലും വേണ്ടെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും രാഹുലിന്റെ സഹോദരി പറഞ്ഞു.
അതേസമയം, മര്‍ദിച്ചത് തെറ്റ് തന്നെയാണെന്ന് പൂര്‍ണ്ണമായും സമ്മതിക്കുന്നുവെന്നും, എന്നാല്‍ അത് ചെയ്യാനുണ്ടായ സാഹചര്യം പുറത്ത് വരണമെന്നും സഹോദരി പറഞ്ഞു. മര്‍ദ്ദനം നടന്ന അന്ന് അര്‍ധരാത്രിക്കുശേഷം പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി ഫോണ്‍ കോള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മര്‍ദ്ദനമുണ്ടായതെന്നും രാഹുലിന്റെ സഹോദരി പറഞ്ഞു.
സഹോദരിയുടെ വാക്കുകള്‍…
‘ഞങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. അവന് കിട്ടും എന്നുള്ളത് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്ക് പെണ്‍കുട്ടിയെ മതിയെന്നാണ് പറഞ്ഞത്. അവന് ഒറ്റയ്ക്ക് ഒരുരാജ്യത്ത് പോയി താമസിക്കുകയാണ്. അമ്മയ്ക്ക് അവന്റെകൂടെ നില്ക്കാന് പറ്റില്ല. അവനെ നോക്കണം, അവന്റെ കൂടെ നല്ലരീതിയില്‍ നില്ക്കുന്ന ഒരു കുട്ടി, അതേ ഞങ്ങള്‍ ആഗ്രഹിച്ചിട്ടുള്ളൂ. അവര്‍ കൂടുതല്‍ കൂടുതല്‍ വേണോയെന്ന് ചോദിച്ചപ്പോള്‍, മകള്‍ക്ക് കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, വീടിന്റെ മുകള്‍ നിലയില്‍ ഷീറ്റും ടൈലും ഇടുന്നുണ്ട്, ഒരു ഊഞ്ഞാല് വാങ്ങിച്ചു തന്നാല്‍ മാത്രം മതിയെന്നാണ് അവന് പറഞ്ഞത്. അതല്ലാതെ വേറൊന്നും അവന് ആവശ്യപ്പെട്ടിട്ടില്ല’, സഹോദരി പറഞ്ഞു.
അതേസമയം, രാഹുല്‍ മര്‍ദ്ദിച്ചുവെന്നും എന്നാല്‍ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മയും കൂട്ടിച്ചേര്‍ത്തു. യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിലെത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല.
യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതല്‍ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗിയായതിനാല്‍ താന്‍ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു.
Discussion about this post