തിരുവനന്തപുരം: മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യമന്ത്രി. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
വിനോദ യാത്രയ്ക്ക് പോയി മടങ്ങി വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.
മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Discussion about this post