സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഞ്ഞപ്പിത്തം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രതിയിലാണ്.

നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്.

രോഗലക്ഷണം ഉള്ളവരാകട്ടെ നിര്‍ബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരാം.

പാത്രങ്ങള്‍ കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ളത് തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെയും രോഗബാധയുണ്ടാകാം. അതുപോലെ തന്നെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് വെള്ളച്ചോര്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ അതും പെട്ടെന്ന് കണ്ടെത്തി പരിഹരിക്കണം.

മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേകിച്ച് രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്‌ഐവി ബാധിതര്‍, കരള്‍ രോഗമുള്ളവര്‍ എന്നിവരിലെല്ലാം ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ തന്നെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.

Exit mobile version