തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കില്‍ കേസ് കൊടുക്കുമെന്ന് തിരുവനന്തപുരം സ്വദേശിനി അമൃത. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോകാന്‍ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുകയാണ് അമൃത.
മസ്‌കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു അമൃതയുടെ ഭര്‍ത്താവ് നമ്പി രാജേഷ്. കഴിഞ്ഞ ഏഴാം തീയതി രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയെ കാണണം എന്ന് അന്നുതന്നെ രാജേഷ് പറഞ്ഞിരുന്നു. ഇതനുസരിച്ച് കുടുംബം എട്ടാം തീയ്യതി തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ടിക്കറ്റെടുത്തു. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്കി. ഇതിനെ തുടര്‍ന്ന് അമൃതയ്ക്ക് പോകാന്‍ സാധിച്ചില്ല.
എങ്ങനെയും പോയേ പറ്റൂ എന്നാണ് അന്ന് നിസഹായതോടെ അമൃത പ്രതികരിച്ചത്. എന്നാല്‍ അവസാനമായി അമൃതയ്ക്ക് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചില്ലെന്നതാണ് ഏവരെയും വേദനിപ്പിക്കുന്നത്. ഇന്നലെയാണ് നമ്പി രാജേഷ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് കെഞ്ചിയെന്നാണ് അമൃതയുടെ അമ്മ പറയുന്നത്. എന്നിട്ടും ആരും സഹായിച്ചില്ലെന്നും ഇവര്‍ കണ്ണീരോടെ പറയുന്നു.
ഒമ്പതാം തീയ്യതി പോകാമെന്ന് അറിയിച്ചെങ്കിലും അന്നും വിമാനമില്ലാതിരുന്നതിനാല്‍ പോകാനായില്ല. പിന്നീട് ഫ്‌ളൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നലെയോടെ രാജേഷിന്റെ അവസ്ഥ വീണ്ടും മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്ന് രാത്രി വൈകി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. നാളെയോടെ നാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.
അതേസമയം, ടിക്കറ്റിന്റെ പണം റീഫണ്ട് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് കമ്പനിയാണ് ഉത്തരവാദികളെന്നും അതിനാല്‍ കമ്പനിക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് അമൃതയുടെ കുടുംബം അറിയിക്കുന്നത്.