തിരുവനന്തപുരം: കരമന അഖില്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. അരുണ്‍ ബാബു, അഭിലാഷ് എന്നിവരെയാണ് ഇന്ന് പിടികൂടിയത്. ബാറില്‍ വച്ച് പാട്ടുപാടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലയ്ക്ക് കാരണം. കഴിഞ്ഞ 26 നുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളിലൊരാള്‍ക്ക് പരിക്കേറ്റെങ്കിലും പോലീസില്‍ പരാതി നല്‍കാതെ പകരം വീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അറസ്റ്റിലായ എട്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.
ഇതില്‍ അരുണിന്റെ വീട്ടില്‍വച്ചാണ് ഗൂഡാലോചന നടന്നത്. വോട്ടെടുപ്പ് ദിവസം വൈകുന്നേരമാണ് നേമത്തെ ബാറില്‍ വച്ച് കൊല്ലപ്പെട്ട അഖിലും സുഹൃത്ത് വിശാലും പ്രതികളായ രണ്ടു പേരുമായി ഏറ്റുമുട്ടിയത്. അഖില്‍ പാട്ടുപാടിയപ്പോള്‍ പ്രതികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. വാക്കു തര്‍ക്കം കൈയാങ്കളിയായി. സംഘര്‍ഷത്തിനിടെ പ്രതികളില്‍ ഒരാളായ വിനീതിന്റെ തലക്ക് പരിക്കേറ്റിരുന്നു.
എന്നാല്‍ പ്രതികള്‍ പൊലീസില്‍ പരാതി നല്‍കിയില്ല. സംഘര്‍ത്തിലുണ്ടായ കിരണ്‍ കൃഷ്ണയെന്നയാള്‍ അഖിലിനെയും കൂട്ടുകാരെയും വെല്ലുവിളിച്ച് ബാറില്‍നിന്ന് ഇറങ്ങി. കൊല്ലപ്പെട്ട അഖിലിനെയും സുഹൃത്തിന്റെയും വിവരങ്ങള്‍ സംഘം അടുത്ത ദിവസം മുതല്‍ ശേഖരിച്ചു. പ്രതികളില്‍ ഒരാളായ അനീഷ് കാര്‍ വാടകക്കെടുത്തു. അഖിലിനെയും സുഹൃത്തിനെയും അന്വേഷിച്ച് സംഘം കറങ്ങി. ഒടുവില്‍ വീട്ടില്‍ കയറി ആക്രമിക്കാന്‍ തീരുമാനിച്ചു.
വീടിന് സമീപത്ത് അഖിലിനെ കണ്ടതോടെ അക്രമി സംഘം ചാടിയിറങ്ങി. വിനീതാണ് അഖിലിന്റെ തലയിലും ശരീരത്തിലും കോണ്‍ക്രീറ്റ് കല്ല് എറിഞ്ഞത്. അഖില്‍ അപ്പുവും സുമേഷുമായിരുന്നു അക്രമി സംഘത്തിലുണ്ടയിരുന്ന മറ്റുള്ളവര്‍. അക്രമം കണ്ട് ഭയന്ന അനീഷ് വാഹനവുമായി അവിടെ നിന്നും മുങ്ങി. നാല് പേര്‍ നേരിട്ടും നാലുപേര്‍ ഗൂഢാലോചനയിലും പങ്കാളികളായി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.