വിഷ്ണുപ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്തു; ദൃക്‌സാക്ഷികളില്ല, സിസിടിവി തെളിവായി; ഒടുവിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

തലശ്ശേരി: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയ (23)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്തിന് (27) കോടതി ഇന്ന് ശിക്ഷ വിധിച്ചത്.

പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എവി മൃദുലയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.

2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് ദാരുണസംഭവം നടന്നത്. വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ.

ALSO READ- ഒരു കിലോമീറ്റർ ചുറ്റളവ് ‘കവർ ചെയ്ത്’ മോഷണ പരമ്പര; കോഴിക്കോട്ടെ പത്ത് വീടുകളിൽ ഒരൊറ്റദിവസം വൻകവർച്ച നടത്തിയ പ്രതി പിടിയിൽ

2023 സെപ്റ്റംബർ 21 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു.

കേസിൽ 73 സാക്ഷികളാണുള്ളത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ് പ്രവീൺ, അഡ്വ.അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരായത്.

Exit mobile version