പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ വെള്ളിയൂരിൽ ഒരൊറ്റ ദിവസംകൊണ്ട് പത്തോളം വീടുകളിൽനിന്ന് പണവും സ്വർണാഭരണവും കവർന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹ് വീട്ടിൽ ഇസ്മായിൽ (31) ആണ് പിടിയിലായത്. പേരാമ്പ്ര എസ്‌ഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രതിയെ പയ്യോളി കോടതി റിമാൻഡ് ചെയ്തു. കാപ്പ നിയമപ്രകാരം ജയിലിലടച്ചിരുന്ന ഇസ്മായിൽ ഒന്നരമാസംമുമ്പാണ് പുറത്തിറങ്ങിയത്. തുടർന്ന് മേയ് ഒന്നിന് രാത്രി 11 മുതൽ രണ്ടിന് പുലർച്ചെ അഞ്ചുവരെ വെള്ളിയൂരിലെ ഒരുകിലോമീറ്റർ പരിധിയിൽ വരുന്ന വീടുകളിൽ കയറി മോഷണം നടത്തുകയായിരുന്നു. ഇതിൽ മൂന്നു പോലീസുകാരുടെ വീടും ഉൾപ്പെടും.
മോഷണത്തിനിടെ ഒരു വീട്ടിൽ സ്ത്രീയെ ബാത്ത്‌റൂമിൽ അടച്ചിടുകയും ചെയ്തിരുന്നു. എല്ലാ വീടുകളിൽനിന്നുമായി അഞ്ചുപവൻ സ്വർണവും 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷണമുതൽ കോഴിക്കോട് സ്വകാര്യസ്ഥാപനത്തിൽ പണയംവെച്ച് പണം വാങ്ങിയതായും കണ്ടെത്തി.
തുടർന്ന് തൃശ്ശൂരിലെ വ്യാപാരസ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.
ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഷാഫി, മുനീർ, വിനീഷ്, സിൻജുദാസ്, ജയേഷ്, എസ്‌ഐ പ്രദീപ് എസ്, സിപിഒ റിയാസ്, അനുരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി. കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ മോഷ്ടാവിനെ വലയിലാക്കാൻ പോലീസിനായി.
ALSO READ- എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍
നല്ലളം, ഫറോക്ക്, കുന്ദമംഗലം, കോഴിക്കോട് ടൗൺ, കുന്ദംകുളം, പത്തനാപുരം, പുനലൂർ, കായംകുളം, തൃത്താല തുടങ്ങിയ സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇസ്മായിലെന്ന് പോലീസ് പറഞ്ഞു.