എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

എക്സൈസും റെയിൽവെ സംരക്ഷണ സേനയും അടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധന പിടികൂടിയത്.

കൊച്ചി: എറണാകുളം റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍. എറണാകുളം സൗത്ത് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി എക്‌സൈസും റെയില്‍വെ സംരക്ഷണ സേനയും അടങ്ങുന്ന സംയുക്ത സംഘം പിടികൂടുകയായിരുന്നു.

മലപ്പുറം കുന്നക്കാവ് സ്വദേശി മുഹമ്മദ് മുഷ്താക്ക് (20), നിലമ്പൂര്‍ ചുങ്കത്തറ സ്വദേശികളായ റൗഷാന്‍ (20), മുഹമ്മദ് റാഷിദ് (27) എന്നിവരെയാണ് പിടികൂടിയത്. മൂന്ന് പേരില്‍ നിന്നുമായി 10.91കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എറണാകുളം നര്‍ക്കോട്ടിക് സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദും സംഘവും റെയില്‍വെ സംരക്ഷണ സേനാ ഉദ്യോഗസ്ഥരോടൊപ്പം റെയ്ഡില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. തിരൂര്‍ എക്സൈസ് റെയിഞ്ച് പാര്‍ട്ടിയും റെയില്‍വെ സംരക്ഷണ സേനയും ചേര്‍ന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എന്നാല്‍ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Exit mobile version