കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് ചോദ്യം ചെയ്ത ടിടിഇയ്ക്ക് ക്രൂരമർദനം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയാണ് ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായത്. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിൽ തിരൂരിൽവെച്ചായിരുന്നു സംഭവം. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ് സ്റ്റാലിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
മൂക്കിൽ നിന്നും രക്തമൊലിച്ച് നിൽക്കുന്ന ടിടിഇയുടെ ചിത്രം പുറത്തെത്തിയിട്ടുണ്ട്. ഇത് മർദ്ദനത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്രചെയ്തത് ടിടിഇ വിലക്കിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.
കോഴിക്കോടുനിന്ന് ട്രെയിനിൽ കയറിയ പ്രതി അവിടംമുതൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് ടിടിഇയുടെ മൊഴി. ജനറൽകോച്ചിലേക്ക് മാറാൻ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരൻ ടിടിഇയെ കൈകൊണ്ട് തടഞ്ഞുനിർത്തിയ ശേഷം മൂക്കിനിടിച്ചത്.
സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയിൽവേ പോലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് തിരൂരിൽവെച്ച് പ്രതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടിടിഇയെ ഷൊർണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.