മൂവാറ്റുപുഴയിൽ കുട്ടികളടക്കം എട്ടുപേരെ കടിച്ച തെരുവുനായ ചത്തു; പേവിഷ ബാധയെന്ന് സംശയം; ആശങ്ക

കൊച്ചി: മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായ ചത്ത സംഭവത്തിൽ ആശങ്ക. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം അന്നുതന്നെ ഉയർന്നിരുന്നു. തുടർന്ന് നായയെ നിരീക്ഷണത്തിലാക്കിയിരുന്നു. നഗരസഭാ കോമ്പൗണ്ടിലാണ് പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി മാറ്റിയത്. ഇതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്.

നായയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി തൃശൂർ വെറ്റിനറി മെഡിക്കൽ കോളേജിലെ വിശദമായ പരിശോധനകൾ നടത്തിയാൽ മാത്രമെ പേവിഷബാധ സംബന്ധിച്ച് വ്യക്തത വരുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിൽ നായ ആക്രമണം നടത്തിയത്. മദ്രസയിൽ നിന്നും മടങ്ങി വരുകയായിരുന്ന കടവുംപാടം തേലയ്ക്കൽ യഹിയാ ഖാന്റെ മകൾ മിൻഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കൽ ഫയസ് (12) എന്നിവരേയാണ് നായ ആദ്യം ആക്രമിച്ചത്.

പിന്നാലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന പുതുപ്പാടി ആര്യങ്കാല തണ്ടേൽ രേവതി (22) ക്കും കടിയേറ്റു. ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഈസ്റ്റ് വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23) ന് നായയുടെ ആക്രമണമുണ്ടായത്. തുടർന്ന് പുളിഞ്ചുവട് ഭാഗത്ത് ബൈക്കിൽ സഞ്ചരിയ്ക്കുകയായിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാർ (60)നും കടി കിട്ടി.

ALSO READ- മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; രണ്ടു ദിവസത്തിനിടെ മരണം മൂന്നായി; അതീവജാഗ്രത

പുളിഞ്ചുവട് പാലക്കാട്ട് പുത്തൻപുരയിൽ നിയാസിന്റെ മകൾ നിഹ (12) യെ വീടിന് സമീപത്തെ റോഡിൽ വച്ചാണ് നായ ആക്രമിച്ചത്. പറമ്പിൽ പണിയെടുക്കുകയായിരുന്ന അതിഥി തൊഴിലാളി കൊൽക്കത്ത സ്വദേശി അബ്ദുൾ അലി (30) യുടെ വലത് കാലിലും നായയുടെ കടിയേറ്റു.

ഇതേനായ വഴിയിൽ കണ്ട ആടിനേയും പശുവിനേയും ആക്രമിച്ചിരുന്നു. കടിയേറ്റവർക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകുകയും ആരോഗ്യ വിഭാഗം പരിക്കേറ്റവരിൽ നിന്നും വിവരശേഖരണം നടത്തിയിട്ടുമുണ്ട്.

Exit mobile version