മകന്‍ വാടക വീട്ടില്‍ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാതെ പെണ്‍മക്കളും, ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി

അജിത്തിനെതിരെ പോലീസ് കേസെടുത്തെങ്കിലും കുടുംബവുമായി വേളാങ്കണ്ണിക്ക് പോയതിനാല്‍ ചോദ്യം ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിട്ടില്ല.

കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ മകന്‍ അജിത് കുമാറിനെ പോലീസ് ചോദ്യം ചെയ്യും. അജിത്തിനെതിരെ പോലീസ് കേസെടുത്തെങ്കിലും കുടുംബവുമായി വേളാങ്കണ്ണിക്ക് പോയതിനാല്‍ ചോദ്യം ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിട്ടില്ല.

എഴുപത് പിന്നിട്ട ഷണ്‍മുഖനെ മറ്റ് രണ്ട് പെണ്‍ മക്കളും സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ ഇന്നലെ രാത്രി തന്നെ കോതമംഗലത്തുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. വിഷയത്തില്‍ ഇടപെട്ട കളക്ടര്‍ കൊച്ചി സബ് കളക്ടറോട് റിപ്പോര്‍ട്ട് തേടി്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

പെണ്‍മക്കളായിരുന്നു നേരത്തെ ഷണ്‍മുഖന്റെ ചികിത്സയും മറ്റ് കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത്. എന്നാല്‍ മകന്‍ അജിത്തുമായുള്ള പ്രശ്‌നങ്ങളാണ് പിന്നീട് ഇവര്‍ക്ക് അച്ഛനുമായി അടുപ്പത്തില്‍ കഴിയാന്‍ പറ്റാതിരുന്നത്. പെണ്‍മക്കള്‍ പരാതിയുമായി മുമ്പ് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ എസ്‌ഐ രേഷ്മ ഇന്നലെ പ്രതികരിച്ചിരുന്നു.

പെണ്‍മക്കള്‍ വീട്ടില്‍ വന്നാല്‍ അജിത്ത് അവരെ വീട്ടിനകത്ത് കയറ്റാറില്ലെന്നും, അച്ഛനെ കൊണ്ടുപോകാന്‍ അവര്‍ തയ്യാറാണെന്ന് അറിയിക്കുമ്പോഴും അജിത്ത് അതിന് സമ്മതിച്ചില്ലെന്നുമാണ് തൃപ്പൂണിത്തുറ എസ്‌ഐ ഇന്നലെ പ്രതികരിച്ചത്.

Exit mobile version