പതിനാറ് വയസുകാരിയുമായി ഉറപ്പിച്ച വിവാഹം തടഞ്ഞ് അധികൃതർ; പെൺകുട്ടിയുടെ തലയറുത്ത് യുവാവ് ജീവനൊടുക്കി

കുടക്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഉറപ്പിച്ച വിവാഹം മുടങ്ങിയതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. വിവാഹം മുടങ്ങിയതിന് പിന്നാലെ പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഡികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തിൽ നിന്നാണ് 32 കാരനായ പ്രകാശിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ അറുത്തുമാറ്റിയ പ്രതിശ്രുധ വധുവിന്റെ തലയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

32 കാരനായ പ്രകാശുമായി 16 വയസുകാരി മീനയുടെ വിവാഹം ബന്ധുക്കൾ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. ഇവരുടെ വിവാഹം ഇന്നലെ നടക്കേണ്ടതായിരുന്നു. എന്നാൽ, ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ വകുപ്പിനെ ആരോ അറിയിക്കുകയും അധികൃതരെത്തി വിവാഹം തടയുകയും ചെയ്തു.

ഒപ്പം യുവാവിന് എതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പെൺകുട്ടിക്ക് 18 വയസായതിന് ശേഷം വിവാഹം കഴിപ്പിക്കാമെന്ന തീരുമാനത്തിൽ വീട്ടുകാരുമെത്തി.

എന്നാൽ ഈ സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രകാശ് മാതാപിതാക്കളെ ഉപദ്രവിച്ച് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. 100 മീറ്ററിനപ്പുറം വച്ച് പെൺകുട്ടിയുടെ തലയറുത്ത്, തലയുമായി കടന്നുകളയുകയും ചെയ്തു.

ALSO READ- ഏറെ കഷ്ടപ്പെട്ട് നേടിയ സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് ഒരുദിവസം മാത്രം; മകളെ സ്‌നേഹിച്ച് തുടങ്ങിയിട്ട് 11 ദിവസവും; ഗോപികയെ തട്ടിയെടുത്ത് വിധിയുടെ ക്രൂരത

പെൺകുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐപിസി സെക്ഷൻ 302, 307 പ്രകാരം പ്രകാശിനെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Exit mobile version