ഏറെ കഷ്ടപ്പെട്ട് നേടിയ സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് ഒരുദിവസം മാത്രം; മകളെ സ്‌നേഹിച്ച് തുടങ്ങിയിട്ട് 11 ദിവസവും; ഗോപികയെ തട്ടിയെടുത്ത് വിധിയുടെ ക്രൂരത

പത്തനാപുരം: കഷ്ടപ്പാടിനൊടുവിൽ തേടിയെത്തിയ സർക്കാർ ജോലി, ജീവിതത്തിലേക്ക് കടന്നുവന്ന പൊന്നോമനയും; ഈ സന്തോഷങ്ങൾക്കിടെ ജീവിച്ച് തുടങ്ങിയ ഗോപികയെ തട്ടിയെടുത്ത് വാഹനാപകടം. പത്തനംതിട്ട ഏനാത്തിനു സമീപം എംസി റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന കാറപകടത്തിലാണ് കൊല്ലം കുന്നിക്കോട് ശ്രീശൈലത്തിൽ (ഇരുപ്പക്കൽവീട്) എംആർ ഗോപിക (27) മരണപ്പെട്ടത്. മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളാണ്.

പതിനൊന്നുദിവസംമുൻപാണ് ഗോപികയ്ക്ക് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിനെ കൈകളിലെടുത്തും ഓമനിച്ചും കൊതി തീരും മുൻപേ ഗോപികയെ തേടി മരണമെത്തുകയായിരുന്നു. കഷ്ടപ്പാടിനിടയിലും പഠിച്ച് നേടി സർക്കാർ ജോലിയിൽ പ്രവേശിച്ച് ഒരുദിവസം മാത്രം ജോലി ചെയ്തതിന് പിന്നാലെയായിരുന്നു ഈ ദുരന്തം.

പ്രസവത്തിനു തൊട്ടുപിന്നാലെയാണ് ഗോപികയ്ക്ക് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്. കൃഷി അസിസ്റ്റന്റ് തസ്തികയിൽ കണ്ണൂരിലായിരുന്നു നിയമനം. തുടർന്ന് കുഞ്ഞിനെ വീട്ടിലാക്കി കണ്ണൂരിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പ്രസവാനന്തര ശുശ്രൂഷകൾക്കായി വീട്ടിലേക്ക് മടങ്ങി.

വ്യാഴാഴ്ച വീട്ടിലെത്തിയതിന് ശേഷം കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിലേക്ക് എത്തിച്ചതായിരുന്നു ഗോപികയും അമ്മയും ഭർത്താവ് രഞ്ജിത്തും ഭർത്തൃപിതാവും. കുഞ്ഞിനെ രാത്രിയിലാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പുലർച്ചെ മൂന്നുമണിയോടെ രഞ്ജിത്ത് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

അപകടത്തിൽ സാരമായി പരിക്കേറ്റ ഗോപിക ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിയോടെ മരിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം സാരമായ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.

ALSO READ- തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞു; മകന് എതിരെ കേസെടുത്തു

സാധാരണകുടുംബാംഗങ്ങളായ മോഹനൻ പിള്ളയും രാധാമണിയമ്മയും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് രണ്ടുമക്കളെ വളർത്തിയത്. പഠിക്കാൻ സമർത്ഥരായിരുന്ന ഗോപികയിലും സഹോദരൻ രാജ്മോഹനിലുമായിരുന്നു കുടുംബത്തിന്റെ എല്ലാ പ്രതീകഅഷയും.

ബിഎസ്സി അഗ്രികൾച്ചറിനു പഠിച്ചശേഷം സർക്കാർ ജോലി ലക്ഷ്യമിട്ട് പിഎസ്‌സി പരീക്ഷയെഴുതിയിരുന്നു ഗോപിക. സഹോദരന് നേരത്തേ പോലീസിൽ ജോലി ലഭിച്ചിരുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറിവരുന്നതിനിടെയാണ് ദുരന്തം പിന്തുടർന്നെത്തിയത്.
ALSO READ-നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം
ഗോപിക നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു. ഒരുവർഷംമുൻപാണ് തലവൂർ പാണ്ടിത്തിട്ട സ്വദേശിയായ രഞ്ജിത്തുമായി ഗോപികയുടെ വിവാഹം നടന്നത്. താമരക്കുടിയിൽ സ്റ്റുഡിയോ നടത്തുകയാണ് രഞ്ജിത്ത്. ചെങ്ങന്നൂരിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗോപികയുടെ മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Exit mobile version