വസ്തുവിന് ആര്‍ഒആര്‍ വാങ്ങാന്‍ വന്നയാളോട് 2000 രൂപ കൈക്കൂലി വാങ്ങി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

തൃശ്ശൂര്‍ ജില്ലയിലെ വില്‍വട്ടം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്.

തൃശ്ശൂര്‍: വസ്തുവിന് അവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നയാളില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. തൃശ്ശൂര്‍ ജില്ലയിലെ വില്‍വട്ടം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്.

വില്ലേജ് പരിധിയില്‍ പെടുന്ന പരാതിക്കാരന്റെ വസ്തു പരിശോധിച്ച് അവകാശ (ആര്‍.ഒ.ആര്‍ ) സര്‍ട്ടിഫിക്കറ്റിനായി ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച പരാതിക്കാരനോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

പരിശോധനയ്ക്ക് വന്നപ്പോള്‍ അപേക്ഷകന്‍ 1000 രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും രണ്ടായിരം തന്നെ വേണമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കറ്റിനായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വെള്ളിയാഴ്ച 2000 രൂപയുമായി വില്ലേജ് ഓഫീസില്‍ എത്താന്‍ കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. അപേക്ഷകന്‍ വിവരം വിജിലന്‍സ് തൃശ്ശൂര്‍ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി സേതുവിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

Exit mobile version