തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻഅഴിച്ചുപണി. ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ നാല് വർഷ കോഴ്സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7 ആയിരിക്കും. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. തുടർന്ന് പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാവുന്നതാണ്. ഈ ഒരു വർഷത്തെ പഠനത്തിന് ശേഷം ഓണേഴ്സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നിലവിലെ മൂന്ന് വർഷത്തോട് ഒരു വർഷം കൂട്ടി ചേർക്കുക എന്നതല്ല പുതിയ ബിരുദ കോഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങൾ അടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളിൽ താൽപര്യം ഉള്ള വിദ്യാർത്ഥികൾക്ക് അതനുസരിച്ചു വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകൾ നേടിയാൽ രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കും. ജൂൺ ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ആദ്യ അലോട്മെന്റ് ജൂൺ 22ന് നടക്കും. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ജൂലൈ ആദ്യവാരം മുതൽ ക്ലാസുകൾ ആരംഭിക്കും. കോളേജ് യൂണിയൻ ഇലക്ഷൻ സെപ്റ്റംബർ 30നു മുമ്പായി നടക്കുമെന്നും മന്ത്രി അറിയിച്ചു
Discussion about this post