തിരുവനന്തപുരം: രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയായിരിക്കെ ജെസ്ന മരിയ ജെയിംസിനെ കാണാതായ കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹരജിൽ ഉത്തരവിട്ടത്.
ജെസ്നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും ജെസ്ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് പിതാവിന്റെ വാദം.
ഇക്കാര്യം വ്യക്തമാക്കി പിതാവ് മുദ്രവച്ച കവറിൽ ചില തെളിവുകൾ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നാണ് ജെയിംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ജെയിംസ് ജോസഫ് സമർപ്പിച്ച തെളിവുകൾ സിബിഐക്ക് കോടതി കൈമാറി.
Discussion about this post