മാള: മാള കുഴൂരിലെ വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ അയൽക്കാരായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. കുഴൂർ തെക്കുംമുറി പുളിക്കൽ വീട്ടിൽ അഖിലിന്റെ ഭാര്യ സാലികയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. വീടിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയിരുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ അയൽവാസി തടിക്കൽ വീട്ടിൽ രതിക (26), മാതാവ് രമ (50) എന്നിവരെ റൂറൽ എസ്പി നവനീത് ശർമയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
ബുധനാഴ്ചയാണ് സാലിക സ്വർണം നഷ്ടപ്പെട്ടതായി തിരിച്ചറിയുന്നത്. ഒരു പരിപാടിക്ക് പോകാനായി ആഭരണങ്ങൾ നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടതായി മനസിലായത്. തുടർന്ന് പോലീസിൽ പരാതിപ്പെട്ടു. ഇവർ ഞായറാഴ്ച ഒരു വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തി ആഭരണങ്ങൾ മുകൾ നിലയിലെ അലമാരയിൽ വച്ചിരുന്നു. ഇതോടെ അടുത്തദിവസം തന്നെയാണ് ആഭരണങ്ങൾ നഷ്ടമായതെന്ന് ഉറപ്പായിരുന്നു.
വീട് കുത്തിത്തുറന്നുള്ള മോഷണമല്ലെന്ന് ഉറപ്പായതോടെ പോലീസ് സംഘം മഫ്തിയിൽ പരിസരവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പരിചയക്കാരും അയൽക്കാരും തന്നെയായിരുന്നു സംശയിക്കുന്നവരുടെ പട്ടികയിലുണ്ടായിരുന്നത്. പ്രതികൾ അന്നമനടയിലെ ഒരു ജ്വല്ലറിയിൽ എത്തിയിരുന്നതായും സഹകരണ ബാങ്കിലെത്തി ലോക്കറിൽ സൂക്ഷിച്ചതായും അന്വേഷണത്തിനിടെ വിവരം ലഭിച്ചിരുന്നു.
തുടർന്ന് ഇവരെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു. അയൽവാസികളായ ഇവർ തമ്മിൽ അടുത്തസൗഹൃദമുണ്ടായിരുന്നില്ല. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മോഷണം നടത്തിയെന്നാണ് പ്രതികളുടെ മൊഴി. മകൾ രതികയാണ് മോഷണം നടത്തിയത്. സ്വർണം അന്നു തന്നെ ഇരുവരും ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റ് പുതിയത് വാങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ സാലികയും വീട്ടിലെ എല്ലാവരും ജോലിക്ക് പോയ സമയത്താണ് യുവതി അകത്തു കയറിയത്. വീട് പൂട്ടി പുറത്ത് താക്കോൽ ാെളിപ്പിച്ചുവെയ്ക്കുന്നത് ഇവർ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഈ താക്കോൽ എടുത്ത് വാതിൽ തുറന്ന് എല്ലാ മുറികളിലും പരിശോധിച്ച് മുകളിലെത്തി അലമാര പരിശോധിക്കുന്നതിനിടെയാണ് സ്വർണാഭരണങ്ങൾ വച്ചിരുന്ന ബോക്‌സിന്റെ താക്കോൽ ലഭിച്ചത്. പിന്നീട് മോഷണം നടത്തിയശേഷം താക്കോൽ യഥാസ്ഥാനത്ത് വെച്ച് സ്ഥലം വിടുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.
ഇരിങ്ങാലക്കുട ഡിവൈഎസ്പി എംഡി കുഞ്ഞിമോയിൻ കുട്ടി, മാള ഇൻസ്‌പെക്ടർ സുനിൽ പുളിയ്ക്കൽ എസ്.ഐമാരായ കെ.ശശി, കെ.കെ.ബിജു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, കെ. എസ്. ഉമേഷ്, മാള പൊലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ കെ.വി. അഭിലാഷ്, പി.ഡി. നവീൻ, കെ.എസ്. സിദീജ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.